November 27, 2011

തകരാതിരിക്കട്ടെ!!

 
പെരിയാറിന്റെ കരയിലിരുന്ന്
അമ്മ ചോദിക്കുന്നു;
ചിറ തകര്‍ന്നൊഴുകി
ഒലിച്ചു പോകുമോയെന്ന്!
ഭയപ്പാടിന്റെ നിശ്വാസം
കടലുകള്‍  കടന്ന് വന്ന്
കാതില്‍ തട്ടി വേദനിപ്പിക്കുന്നു!
 
ഇടയ്ക്കിടെ വിറയ്ക്കുന്ന ഭൂമിയും 
അടിക്കടി ഉയരുന്ന ജലനിരപ്പും
അകലങ്ങള്‍ താണ്ടി എത്തുന്ന
വെറും വാര്‍ത്ത മാത്രമാവുന്നില്ല; 
നിന്നിലെന്ന പോലെ എന്നിലുമവ 
ആധിയുടെ തീ നിറക്കുന്നു!
 
ജീവനുവേണ്ടി പൊരുതുന്നവരേ, 
കാതങ്ങളിപ്പുറമിരുന്ന്   ഒരു മനസ്സ്
നിങ്ങളോട് ചേരുന്നുണ്ട്.
നിയമവും ഭരണവും കണ്‍തുറന്നെന്ന്
കേട്ടുണരാനാണിപ്പോള്‍ ഓരോ ഉറക്കവും!

June 25, 2011

വെറും കഥ

അവള്‍ പറയുന്നു,  
അശുദ്ധിയുടെ മുദ്ര
ആലേഖനം ചെയ്ത്
അവള്‍ ഒഴുക്കാതിരുന്ന
ചോരയാണവനെന്ന്!
 
അവന്‍ പറയുന്നു,
ആറാം നാള്‍
ഭൂലോകത്തിന് ദാനം
കൊടുത്ത അവന്റെ
വാരിയെല്ലാണവളെന്ന്!
 
ചോരയില്‍
ജീവന്‍ നിറച്ചത്  
ഒറ്റക്കല്ലെന്ന്
ശാസ്ത്രം!
 
ഊരിമാറ്റിയ  
വാരിയെല്ലുകൊണ്ട്
തീര്‍ത്തതൊരു താങ്ങെന്ന് 
ദൈവവും!  
 
കഥ ഒന്ന്,
പതിപ്പുകള്‍ പലതെങ്കിലും!

May 23, 2011

മോചനം

അളവുകള്‍ക്കപ്പുറം
ഏറുന്ന അകലം; 
യാത്രകള്‍
ഇരു ദിശയിലെക്കെന്ന 
തിരിച്ചറിവ്. 
 
അവിഹിതങ്ങളുടെ 
അന്തമില്ലാകണക്കുകള്‍ 
ബോധിപ്പിച്ച്;
ധാരണയുടെ മറ്റൊരു
ഉടമ്പടിയില്‍ ഒപ്പുവച്ച്
വേര്‍പിരിയല്‍!
 
മിച്ചം വന്നതിനെ
അഞ്ചും രണ്ടും ദിവസമെന്ന് 
പകുക്കാം.
അതിന് പ്രാണനുണ്ടെന്ന് 
ഓര്‍ക്കുന്നതെന്തിന്!