March 17, 2011

സദാചാരം

വയറൊട്ടിയ ഇന്നലകളുടെ
പൊള്ളുന്ന കണ്ണുനീരിറ്റ്-
വെന്തുപോയ ഇറച്ചിയാണ്
അവള്‍ വില്‍പ്പനക്ക് വച്ചത്.

ഇരുട്ടിന്റെ മറപറ്റി
അതിന് വില പറഞ്ഞവന്‍
വെളിച്ചത്തില്‍ അവളെ
കല്ലെറിഞ്ഞു.

നമ്മള്‍ അവളെ
വേശ്യയെന്നു വിളിച്ചു;
അവനെ മാന്യനെന്നും!

March 14, 2011

നിഴലുകള്‍

ഉപബോധങ്ങളില്‍  വെളിച്ചം തട്ടി
നിലം പതിക്കുമ്പോഴാണ്
നിഴലുകളാകുന്നത്

തിരിച്ചറിയപ്പെടാത്തവ
ഇരുട്ടിന്റെ അഗാധങ്ങളിലേക്ക്
മനസ്സിനെ തള്ളിവിട്ട്
രസിക്കും

മുഖം മൂടി ഇല്ലാത്ത
ചുരുക്കം ചിലത്
ആത്മശോധനക്ക് കൂട്ടിരിക്കും
ഏറ്റു പറച്ചിലുകള്‍ കേട്ട്
നാണിക്കും

എനിക്കും നിനക്കും ചുറ്റിലും
നിഴലുകളുണ്ട് 
നമ്മളാരെന്ന് അവ  പറഞ്ഞേക്കും!!

March 9, 2011

അവള്‍

കീഴടക്കാന്‍ യശസ്സിന്റെ കൊടുമുടികളൊന്നും,
അവള്‍ക്ക് മുന്നില്‍ ഇല്ലായിരുന്നു; 
മോഹിച്ചത്  അവന്റെ  ഹൃദയം  മാത്രമാണ്. 
പ്രണയത്തിന്റെ കോട്ട പിടിച്ചെടുത്ത്,
കവാടം  കൊട്ടിയടച്ച്,
മറ്റാരും കയറില്ലെന്നുറപ്പാക്കിക്കഴിഞ്ഞാണ്
അവള്‍  വിശ്രമിച്ചത്!

ശേഷം  മരുഭൂമികള്‍ സ്വപ്നം കണ്ട് അവള്‍ ഭയന്നില്ല;
അവനുമൊത്ത്    പാര്‍ക്കേണ്ട പറുദീസകളുടെ
രൂപരേഖയൊരുക്കി പകലുകള്‍ ധന്യമാക്കുകയും,
അവനോടൊത്ത് കൊയ്യാനിരിക്കുന്ന വയലേലകളുടെ
പച്ചപ്പ്‌ ധ്യാനിച്ച് രാത്രികളില്‍ ഉറങ്ങുകയും ചെയ്തു.
 
അവനവള്‍ക്ക് നഗരങ്ങള്‍ കാട്ടിക്കൊടുത്തു;
അവിടെയെല്ലാം മുഴങ്ങുന്നത്
സ്വാതന്ത്രത്തിന്റെ  ചിറകടിയൊച്ചയാണെന്ന് ധരിപ്പിച്ചു!
അവന്റെ അര്‍ദ്ധമാവാന്‍ കൊതിച്ച്‌
അവളവനിലേക്ക് ചാഞ്ഞു.
 
പുതുമകളെല്ലാം  പഴമ തീണ്ടിയപ്പോള്‍,
അവള്‍  ആണ്മയുടെ നിയമങ്ങള്‍  വായിച്ച്‌ കേട്ടു!
അനന്തരം,
അവന്റെ അഹന്തയ്ക്ക് അടിമപ്പെട്ടും,
അവന്റെ പരമ്പരകളെ പെറ്റുപോറ്റിയും,
അവയ്ക്ക് വച്ചുവിളമ്പിയും, വിഴുപ്പലക്കിയും
തുലയട്ടെ തന്റെ ജീവിതമെന്ന്
അവളവളെത്തന്നെ ശപിച്ചു!! 

March 4, 2011

അവശേഷിക്കുന്നത്...

അവന്‍ പോയപ്പോഴും അവര്‍ പറഞ്ഞു;
'ദൈവത്തിന് പ്രിയപ്പെട്ടവന്‍'
ആയുസ്സെത്തും മുന്‍പേ മൃതി പുണരുന്നവന്
അവസാനയാത്രയില്‍ കൊണ്ട് പോകാനൊരു പട്ടം!

അവനെക്കുറിച്ചല്ല,
അവനുവേണ്ടി കരുതി വച്ച സ്നേഹത്തിന്റെ-
ഭാരവും പേറി ജീവിച്ച് തീര്‍ക്കേണ്ടവരെക്കുറിച്ച്
അവരെക്കുറിച്ച് മാത്രമാണെന്റെ വ്യഥ!