January 27, 2011

സ്വപ്നം

നിറമുള്ള കുപ്പിക്കകത്ത് ഞാനത് സൂക്ഷിച്ചു വക്കുന്നു;
രാത്രിയില്‍ അല്‍പ്പാല്‍പ്പം നുണഞ്ഞു സുഖമായുറങ്ങാന്‍! 

   ചിലപ്പോളത് ഭൂതകാലത്തിലെക്കൊരു തിരിച്ചുപോക്ക്:
   പള്ളിക്കൂട മുറ്റം, കൂട്ടുകാര്‍, പിന്നിയ പാവാട,
   കീറിയ പുസ്തകങ്ങള്‍,  കുടയില്ലാത്ത മഴക്കാലം,
   എഴുതാതെ പോയ പരീക്ഷകള്‍, നടന്നു തീര്‍ത്ത വഴികള്‍,
   കരഞ്ഞു കലങ്ങിയ കണ്ണുകള്‍, ചിതറിയ പല ജീവിതങ്ങള്‍;
   അടുക്കും ചിട്ടയുമില്ലാത്ത അനേകം ഓര്‍മ്മപ്പെടുത്തലുകള്‍! 

   മറ്റു ചിലപ്പോളത് ഇനിയെന്നോ വായിക്കാന്‍ ചെറിയ കുറിപ്പുകള്‍:
   'ജിമ്മിലെ'  പുതിയ സൌഹൃദം, പറയേണ്ടിവന്ന ചേതമില്ലാനുണകള്‍,
   മറുപടികൊടുക്കാതിരുന്ന 'ഫെസ്ബുക്ക്‌' സന്ദേശം,'ഫാംവില്ലെ' വിളവെടുപ്പ്,
   അയലത്തെ വീട്ടിലെ 'മദാമ്മയും' അവരുടെ നായ്‌ക്കുട്ടിയും,
   ഇന്നത്രയും മൂളി നടന്നൊരു പാട്ട്, ഉറങ്ങും  മുന്‍പ് വായിച്ച രണ്ടു വരിക്കവിത,
   അടുക്കളയില്‍ ഇനിയും കഴുകിവക്കാതെ കുറേ എച്ചില്‍ പാത്രങ്ങള്‍;
   ഉറക്കത്തിനും  ഉണര്‍വിനുമിടയില്‍ രേഖപ്പെടുത്തുന്ന ഇന്നിന്‍റെ ചരിത്രം!

   അതുമല്ലെങ്കിലത്  വരും കാലത്തിന്റെ ക്ഷണിക ദൃശ്യങ്ങള്‍:
   ദ്രുത ഗതിയിലോടുന്ന വണ്ടിയില്‍ എങ്ങോട്ടോ ഒരു യാത്ര,
   ആശുപത്രിക്കിടക്കയില്‍ അവള്‍, വിഷണ്ണയായി  അവള്‍ക്കരികില്‍  അമ്മ,
   വധുവായൊരുങ്ങി ഒരു കൂട്ടുകാരി,  കൈക്കുഞ്ഞുമായി മറ്റൊരുവള്‍,
   പല വര്‍ണ്ണങ്ങളില്‍ പുത്തനുടുപ്പുകള്‍, മധുരം നിറച്ച പെട്ടികള്‍,
   ഇന്നോളം കണ്ടിട്ടില്ലാത്ത കുറെ മുഖങ്ങള്‍, പോയിട്ടില്ലാത്ത അമ്പലങ്ങള്‍,
   കേട്ടിട്ടില്ലാത്ത വാക്കുകള്‍, ഭൂമിയിലെ ചില നക്ഷത്രങ്ങള്‍;
   യാഥാര്‍ത്ഥ്യമാവുമ്പോള്‍  അമ്പരപ്പാവുന്ന പൂര്‍വ്വ ഭൂതോദയങ്ങള്‍! 

അതെനിക്ക്  ഇന്നലെയുടെ ബാക്കി പത്രവും;
ഇന്നിന്റെ മാപ്പ് സാക്ഷിയും;
നാളെയുടെ അവ്യക്ത  മുന്നറിയിപ്പും!!

January 7, 2011

അവള്‍ പറയാതിരുന്നത്....

വര്‍ഷങ്ങള്‍ക്കു ശേഷം അവളെ വീണ്ടും കാണേണ്ടി വരുന്നത് ഇങ്ങനെയാവുമെന്ന് ഞാന്‍ കരുതിയിരുന്നില്ല!! എറണാകുളത്തുനിന്ന്  വീട്ടിലേക്കുള്ള ഒരു മടക്കയാത്രയാണ്‌ അതിന് വഴിയൊരുക്കിയത്. വിശപ്പിന്‍റെ കാഠിന്യം കൊണ്ട് വീട്ടില്‍ എത്തിച്ചേരാനുള്ള തിടുക്കത്തോടെ ഓടിക്കയറിയ വണ്ടി വിചാരിച്ച വഴിയിലൂടെയല്ല നീങ്ങുന്നതെന്ന് അല്‍പ്പം വൈകിയാണ് ഞാന്‍ മനസ്സിലാക്കിയത്‌. പാതി വഴിയിലിറങ്ങാന്‍ മടി അനുവദിക്കാത്തതുകൊണ്ട്; വീടെത്തും വരെ അടുത്തുവരുന്ന വിവാഹം എന്നിലുണ്ടാക്കിയെക്കാവുന്ന പലവിധ മാറ്റങ്ങളെക്കുറിച്ച് ആലോചിക്കാം എന്ന് ഞാന്‍ തീരുമാനിച്ചു. എന്നാല്‍, ചിന്തകള്‍ വികസിപ്പിക്കാന്‍ ഒരവസരം ലഭിക്കും മുന്‍പേ വണ്ടി അതിന്‍റെ ഭാരം കുറക്കാന്‍  നിര്‍ത്തപ്പെടുകയും, എന്‍റെ നോട്ടം വഴിയരികിലെ ഒരു പെട്ടിക്കടയിലേക്ക് അറിയാതെ തിരിയുകയും ചെയ്തു. തന്‍റെ മുന്നില്‍ നിരത്തി വച്ച കുപ്പി ഗ്ലാസ്സുകളില്‍ അപ്പോള്‍ സര്‍ബത്ത് പകര്‍ന്നുകൊണ്ട് കടക്കുള്ളില്‍ നിന്നിരുന്നത് അവള്‍ തന്നെയാണെന്ന് ഞാന്‍ തിരിച്ചറിയുന്നതിനിടയില്‍ വണ്ടി വീണ്ടും അതിന്‍റെ യാത്ര ആരംഭിച്ചിരുന്നു.

പിന്നീട് കുറേ ദിവസങ്ങള്‍ അവളെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ആറുവര്‍ഷക്കാലം ഒരേ വിദ്യാലയത്തില്‍, ഒരേ 'ക്ലാസ്സില്‍' ഇരുന്നാണ് ഞങ്ങള്‍ പഠിച്ചത്. സൗഹൃദം എന്ന വാക്കിന് അന്ന് ഞാന്‍ കല്‍പ്പിച്ചിരുന്ന അര്‍ത്ഥത്തിന്റെ വ്യപ്തിക്കുറവുകൊണ്ട് "എന്‍റെ കൂട്ടുകാരി" എന്നവളെക്കുറിച്ചു ഇവിടെ പറയാന്‍ നിര്‍വാഹം ഇല്ല. കാഴ്ച്ചയില്‍ ഒരു സുന്ദരി എന്നൊന്നും വിശേഷിപ്പിക്കാന്‍ വയ്യ. എന്നാല്‍ യാതൊരു അഭംഗികളും ഉണ്ടായിരുന്നില്ല താനും. കഞ്ഞിവെള്ളത്തിന്‍റെ മണമുള്ള, ഒരിക്കലും വൃത്തിയായി മെടഞ്ഞു കെട്ടാത്ത അവളുടെ 
മുടി മാത്രം ഒരു അഭംഗി ആയി വേണമെങ്കില്‍ പറയാം. പഠനത്തിലും ഒട്ടും പിന്നിലല്ലായിരുന്ന എന്‍റെ ഈ സഹപാഠി പത്താം തരത്തില്‍  'ഫസ്റ്റ്ക്ലാസ്സ്‌'  വാങ്ങുകയും ചെയ്തിരുന്നു.
പരീക്ഷകള്‍ക്കും, ഫലമറിയലിനും ശേഷം വളരെക്കാലത്തേക്ക് അവളെക്കുറിച്ച് ഒന്നും അറിയാന്‍ കഴിഞ്ഞില്ല. 

ഞാന്‍ ബിരുദത്തിനു രണ്ടാം വര്‍ഷം പഠിക്കുമ്പോളാണ് എന്നാണ്  ഓര്‍മ്മ; ഒരിക്കല്‍
അമ്പലത്തില്‍ വച്ച് ഞാന്‍ അവളെ കണ്ടിരുന്നു. അന്ന്  ഏതാണ്ട് ഏഴു  മാസത്തോളം 
പ്രായം തോന്നിക്കുന്ന അവളുടെ വയറിലേക്ക് നോക്കി "ഭര്‍ത്താവ് എന്ത് ചെയ്യുന്നു?" എന്ന് ചോദിക്കുകയുണ്ടായി ഞാന്‍. അതിനുത്തരമായി അല്‍പ്പം  ലജ്ജയോടെ അവള്‍
പറഞ്ഞ മറുപടി കാലം എന്‍റെ സ്മൃതിയില്‍ നിന്ന്  മായ്ചെങ്കിലും വിവാഹിതയായി  
ഒരു വര്‍ഷത്തോളമാകുന്നു എന്ന് പറഞ്ഞതായി ഓര്‍ക്കുന്നു. പിന്നെ, കുറച്ചധികം കാലങ്ങള്‍ക്ക് 
ഇപ്പുറം അവളെ കണ്ടതാവട്ടെ ആ പെട്ടിക്കടക്കുള്ളിലും!

മക്കളെ പോറ്റാന്‍ അവളെന്ന അമ്മ കാണുന്ന ഏക മാര്‍ഗ്ഗം ആയിരിക്കുമോ ആ കട?എങ്കിലും, എല്ലാ ജോലിക്കും അതിന്‍റെതായ മഹത്വം ഉണ്ടെന്നു വിശ്വസിക്കുമ്പോള്‍ തന്നെ,അവള്‍
എത്തേണ്ടിയിരുന്ന ഒരിടമായിരുന്നു അതെന്നുള്‍ക്കൊള്ളാന്‍ കഴിയാതെ പോകുന്നു. 
യാത്ര വഴിയില്‍ നിര്‍ത്തി വച്ച് അവള്‍ക്കരികിലേക്ക്  ചെന്നിരുന്നെങ്കില്‍ എന്തായിരുന്നിരിക്കാം
അവളുടെ പ്രതികരണമെന്നും, എന്തെല്ലാം അവളെന്നോട് പറയുമായിരുന്നിരിക്കാം എന്നും
 ഇടയ്ക്കിടെ  ഞാന്‍ ചിന്തിക്കാറുണ്ട്. അവള്‍ക്കെന്നാല്‍  ഈശ്വരന്‍ വിധിച്ച സഹായം ഞാന്‍ നിഷേധിച്ചിട്ടുണ്ടാവുമോ  എന്നും   വിഷമിക്കുന്നു.ഞങ്ങളോടൊപ്പം പഠിച്ച; അവളെക്കാള്‍ മിടുക്കരൊന്നുമല്ലാത്ത,അന്നവളുടെതിനെക്കാള്‍ മോശം ജീവിത സാഹചര്യങ്ങള്‍ ഉണ്ടായിരുന്ന; എത്രയോ പേര്‍ നല്ല നിലയില്‍ എത്തിയതായി എനിക്കറിയാം. ഇനി ഒരിക്കല്‍ കൂടി അവളെ കണ്ടുമുട്ടാന്‍ സാധ്യത വളരെ കുറവായതിനാല്‍, ജീവിതമെന്തെന്ന്‍ മനസ്സിലാക്കാന്‍ സമയം ലഭിക്കും മുന്‍പേ കഴിഞ്ഞു പോയ  വിവാഹമായിരിക്കാം ഇതിനെല്ലാം പിന്നിലെന്ന് ഊഹിക്കുകയെ എനിക്ക് നിവൃത്തി ഉള്ളൂ.  അങ്ങനെയെങ്കില്‍; പഠനം, നല്ലൊരു ജോലി അതിനപ്പുറം വിവാഹം എന്ന് ചിന്തിക്കുന്ന പെണ്‍കുട്ടികളും, മാതാപിതാക്കളും മാത്രം നമുക്കിടയില്‍ ഉണ്ടാവട്ടെ എന്ന് ഞാന്‍ ആശിക്കുന്നു!!