December 31, 2010

ഡിസംമ്പര്‍ ഇനിയും വരുമോ?

എത്ര ഞാന്‍ സ്നേഹിപ്പൂ നിന്നെയെന്‍ ഡിസംമ്പര്‍,  
പിരിയുവാന്‍ കാത്തുനില്‍ക്കുന്നു നീയെങ്കിലും!
നിന്‍റെ  നനുത്ത കയ്യില്‍പ്പിടിച്ചു ഞാന്‍ വന്നതും,
പിന്നെ വെളിച്ചം കണ്ടുറക്കെ കരഞ്ഞതും,
അമ്മ തന്‍ മുലപ്പാല്‍ ആദ്യം നുണഞ്ഞതും,
ഇന്നലെയെന്നപോല്‍ കടന്നു പോയില്ലയോ!
കളിപ്പാട്ടമില്ലാത്ത ബാല്യനൊമ്പരം പകുക്കുവാന്‍,
കളിക്കൂട്ടുകാരനായ് നീയിടക്കിടെ വന്നുപോയ്‌;
വര്‍ണ്ണമഴപ്പെയ്യാത്ത കൌമാരത്തിലുമെനിക്കാനന്ദമായ്,  
പകര്‍ന്നു തന്നീലയൊ സുന്ദര സ്വപ്‌നങ്ങള്‍.
മറക്കാതെയെത്തിന്നീയിവിടെയുമീത്തണുപ്പിന്‍റെ,   
മരിക്കാത്ത ഓര്‍മ്മകള്‍ എനിക്ക് സമ്മാനിക്കുവാന്‍.
അകലുവാനാകുമോ നമുക്കീവിധമെന്‍;
കണ്ഠമിടറുന്നു കണ്ണുകള്‍ന്നിറയുന്നു!
ഇനിയും മാറ്റങ്ങള്‍ എനിക്കേറെയേകുവാന്‍;
നേട്ട കോട്ടങ്ങളില്‍ പങ്കാളിയാകുവാന്‍, 
തിരികെ നീയെന്‍വഴി  വരുമായിരിക്കാം!!  

December 16, 2010

ഈ പുസ്തകം തുറക്കുമ്പോള്‍...

മയക്കത്തിലെക്ക്  വഴുതി വീഴാന്‍ തുടങ്ങിയ ഒരു മധ്യാഹ്നത്തില്‍ വിരസത എന്നോട് ഇങ്ങനെ ചോദിച്ചു:"ഉറങ്ങി മാത്രം തോല്‍പ്പിക്കാന്‍ കഴിയുന്ന ശത്രുവായി  എന്നെ കരുതുന്നുവോ?" ചിരിച്ച് തള്ളിക്കളയാമായിരുന്ന ആ ചോദ്യത്തെക്കുറിച്ച്, പക്ഷെ, അന്ന് ഞാന്‍ ഏറെ നേരം ചിന്തിച്ചു. ഒഴിഞ്ഞ കടലാസിലെല്ലാം എന്തെല്ലാമോ എഴുതി നിറക്കാന്‍ വെമ്പിയിരുന്ന എന്‍റെ ഭൂതകാലം അപ്പോള്‍ മാത്രമാണ് ഓര്‍മ്മയില്‍ വന്നതും.

അക്കാലത്ത്, ഞായറാഴ്ചകളെ ഞാന്‍ അതിതീവ്രമായി പ്രണയിച്ചിരുന്നു. അന്നാണല്ലോ ദൂരദര്‍ശന്‍ മലയാള ചലച്ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യുക.
സ്വകാര്യ ചാനലുകള്‍ ആശ്രയമില്ലാത്തതുകൊണ്ട് വീട്ടില്‍ എല്ലാവരുടെയും
ഏക വിനോദ മാര്‍ഗ്ഗവും അവയായിരുന്നു.അങ്ങനെ കുറച്ചു മണിക്കുറുകള്‍ 
ഏവരും നിശബ്ദരായികാണപ്പെട്ടു. രാവിലെ മുതല്‍ മനസ്സില്‍ പലകുറി 
എഴുതിയും,തിരുത്തിയും കൊണ്ട് നടന്ന അന്നത്തെ സൃഷ്ടി,എന്‍റെ രഹസ്യ സ്വത്തായിരുന്ന ഒരു കൊച്ചു പുസ്തകത്തിലേക്ക്,പകര്‍ത്തി എഴുതാന്‍ ഞാന്‍ 
കണ്ടെത്തിയതും ഈ സമയം തന്നെ ആയിരുന്നു.പക്ഷെ,ഞായറാഴ്ചകള്‍ അങ്ങനെ 
വന്നും പോയും ഇരിക്കുന്നടിനിടെ ജീവിതത്തിന്‍റെ ഗതി മാറുകയും,എനിക്ക് മേല്‍
ദുഖത്തിന്റെ നിഴല്‍ വീഴുകയും ചെയ്തു.എപ്പോഴോ ആ പുസ്തകവും 
അതിലെ വാക്കുകളും എനിക്ക് നഷ്ടമായി. പിന്നിടിങ്ങോട്ടു,കൃത്യമായി പറഞ്ഞാല്‍ ഉച്ചയുറക്കം കെടുത്തിയ ചോദ്യത്തിനൊരു ഉത്തരം തിരയും വരെ,
പുസ്തകത്തെക്കുറിച്ച് ഞാന്‍ ഓര്‍ക്കുകയുണ്ടായില്ല.

ശത്രു നിസ്സാരനല്ലാത്തതുകൊണ്ടും,മറ്റൊരു മറുപടി എനിക്കില്ലാത്തതുകൊണ്ടും ഈ പുസ്തകം ഇവിടെ തുറക്കട്ടെ.ഒരിക്കല്‍ ഹൃദയത്തോട് ചേര്‍ത്ത്  വച്ചതിന് പകരമാവില്ല അതുപോലെ ഇനിയൊന്ന്‍ എന്നതൊരു സത്യമായി അവശേഷിക്കെ; 
ഒളിച്ചുവക്കാനും,നഷ്ടപ്പെടുത്താനും എനിക്കിഷ്ടമില്ലാത്ത,കയ്യിലെടുക്കുവാന്‍
ഞായറാഴ്ചകളെ കാത്തിരിക്കെണ്ടതില്ലാത്ത എന്‍റെ പുതിയ പുസ്തകത്തെ ഞാന്‍ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.

ആലുവയിലെ അത്രക്കൊന്നും പ്രശസ്തമല്ലാത്ത ഒരു ആശുപത്രിയുടെ ഈറ്റ് മുറിയില്‍ എന്‍റെ  അമ്മ തന്‍റെ രണ്ടാമത്തെ പെണ്‍കുഞ്ഞിനു  ജന്മം നല്കിയതും ഒരു ഡിസംബര്‍ പതിനാറിനായിരുന്നു എന്നും പറയട്ടെ!! 

ജീവിതം ആകസ്മികതകളുടെ ആകെത്തുകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.നിങ്ങളോ??