June 25, 2011

വെറും കഥ

അവള്‍ പറയുന്നു,  
അശുദ്ധിയുടെ മുദ്ര
ആലേഖനം ചെയ്ത്
അവള്‍ ഒഴുക്കാതിരുന്ന
ചോരയാണവനെന്ന്!
 
അവന്‍ പറയുന്നു,
ആറാം നാള്‍
ഭൂലോകത്തിന് ദാനം
കൊടുത്ത അവന്റെ
വാരിയെല്ലാണവളെന്ന്!
 
ചോരയില്‍
ജീവന്‍ നിറച്ചത്  
ഒറ്റക്കല്ലെന്ന്
ശാസ്ത്രം!
 
ഊരിമാറ്റിയ  
വാരിയെല്ലുകൊണ്ട്
തീര്‍ത്തതൊരു താങ്ങെന്ന് 
ദൈവവും!  
 
കഥ ഒന്ന്,
പതിപ്പുകള്‍ പലതെങ്കിലും!

May 23, 2011

മോചനം

അളവുകള്‍ക്കപ്പുറം
ഏറുന്ന അകലം; 
യാത്രകള്‍
ഇരു ദിശയിലെക്കെന്ന 
തിരിച്ചറിവ്. 
 
അവിഹിതങ്ങളുടെ 
അന്തമില്ലാകണക്കുകള്‍ 
ബോധിപ്പിച്ച്;
ധാരണയുടെ മറ്റൊരു
ഉടമ്പടിയില്‍ ഒപ്പുവച്ച്
വേര്‍പിരിയല്‍!
 
മിച്ചം വന്നതിനെ
അഞ്ചും രണ്ടും ദിവസമെന്ന് 
പകുക്കാം.
അതിന് പ്രാണനുണ്ടെന്ന് 
ഓര്‍ക്കുന്നതെന്തിന്!

March 17, 2011

സദാചാരം

വയറൊട്ടിയ ഇന്നലകളുടെ
പൊള്ളുന്ന കണ്ണുനീരിറ്റ്-
വെന്തുപോയ ഇറച്ചിയാണ്
അവള്‍ വില്‍പ്പനക്ക് വച്ചത്.

ഇരുട്ടിന്റെ മറപറ്റി
അതിന് വില പറഞ്ഞവന്‍
വെളിച്ചത്തില്‍ അവളെ
കല്ലെറിഞ്ഞു.

നമ്മള്‍ അവളെ
വേശ്യയെന്നു വിളിച്ചു;
അവനെ മാന്യനെന്നും!